ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മണൽത്തരികളിൽ ശിൽപ്പം തീർത്ത് മണൽ കലാകാരനായ സുദർശൻ പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് സുദർശൻ ശില്പം ഒരുക്കിയത്. വിദ്യാർത്ഥികളോടൊപ്പമാണ് സുദർശൻ ശില്പം നിർമിച്ചത്.
അഭിനന്ദനങ്ങൾ മോദിജി എന്നാണ് മണൽത്തരികളിൽ എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രവും സുദർശൻ ഒരുക്കിയിട്ടുണ്ട്. ചരിത്രവിജയത്തിന് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളെന്ന് മണൽ ശിൽപ്പത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുദർശൻ എക്സിൽ കുറിച്ചു.
ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ മൂന്നാം വരവിന്റെ ആഘോഷത്തിലാണ് ബിജെപി നേതാക്കൾ. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു.
രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെയും നേതാക്കളെയും ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.















