തെരഞ്ഞെടുപ്പിൽ വിജയക്കൊടിപാറിച്ച സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജെഎസ്കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് തുടങ്ങിയ താരങ്ങളുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
പോസ്റ്ററിൽ കോടതി മുറിയിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയാണ് കാണാനാകുന്നത്. ‘എനിക്കറിയാം ഞാൻ എന്താണ് ചെയ്യുന്നതെന്ന്, ഇത് തന്നെ തുടരും…’ എന്ന വാചകവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുപമ പരമേശ്വരൻ, മാധവ് സുരേഷ്, ദിവ്യ പിള്ള,അസ്കർ അലി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം എത്തുന്നത്. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.
ഒരു ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമായ ജെഎസ്കെ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
പ്രവീൺ നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരണും കൃഷ്ണമൂർത്തിയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദും സംഗീതം ഗിരീഷ് നാരായണനുമാണ് നിർവ്വഹിക്കുന്നത്.















