സ്ഥിരമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നവരോട് ചോദിച്ചാൽ മനസിലാകും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം. അവർ പറയും
നല്ല ആരോഗ്യം ലഭിക്കുന്നത് അവനവന്റെ വീട്ടിലെ അടുക്കളയിൽ നിന്നാണെന്ന്. കടകളിൽ നിന്നുള്ള ഭക്ഷണം പോലെയല്ല, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം. രുചി വർദ്ധിക്കാൻ വേണ്ടി കടകളിൽ മായങ്ങൾ ചേർക്കുമ്പോൾ വീടുകളിൽ നാം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നു. അത്തരത്തിൽ നാവിൽ വെള്ളമൂറുന്ന രുചി സമ്മാനിക്കുന്ന ഒന്നാണ് ഏലക്ക. ചായയിലടക്കം ഏലയ്ക്ക് ഇട്ട് കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നല്ല ആരോഗ്യം ലഭിക്കാനും ഏലക്ക നല്ലതാണെന്ന് എത്ര പേർക്ക് അറിയാം.
ജീരക വെള്ളവും ഉലുവാ വെള്ളവും മല്ലി വെള്ളവുമെല്ലാം നമ്മൾ കുടിക്കാറുണ്ട്. എന്നാൽ എത്രപേർ വീടുകളിൽ ഏലയ്ക്ക ഇട്ട് വെള്ളം തിളപ്പിക്കും. ഏലയ്ക്കയ്ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങളുണ്ട്. ഈ സുഗന്ധവ്യഞ്ജനത്തിന്റെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളാനുള്ള ഒരു എളുപ്പ വഴി ഏലക്ക ചേർത്ത വെള്ളം കുടിക്കുക എന്നതാണ്. ഇത് രുചികരം മാത്രമല്ല, നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ഏലയ്ക്കാ വെള്ളം എങ്ങനെ ഉണ്ടാക്കാം, അവയുടെ ഗുണങ്ങൾ എന്താണെന്നും നമുക്ക് നോക്കാം.
ഏലക്ക വെള്ളം എങ്ങനെ ഉണ്ടാക്കാം
ഒരു പിടി പച്ച ഏലക്ക എടുക്കുക. അവ ചതച്ച് തിളച്ച വെള്ളത്തിൽ ഇടുക. ശേഷം വെള്ളത്തിന്റെ ചൂട് കുറയ്ക്കണം. വെള്ളം ഏകദേശം 5-10 മിനിറ്റ് തിളപ്പിക്കുക. ഇതോടെ ഏലയ്ക്കയുടെ സത്ത വെള്ളിൽ നന്നായി ചേരും. വെള്ളത്തിന്റെ നിറം മാറിയാൽ തീ അണച്ച് വെള്ളം തണുക്കാൻ വെക്കുക. അരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്.
ആരോഗ്യ ഗുണങ്ങൾ
മെച്ചപ്പെട്ട ദഹനം. ദഹനസംബന്ധമായ പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ് ഏലയ്ക്ക.
അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഇഫക്റ്റുകൾ ഏലയ്ക്കുണ്ട്. ഫംഗസുകളെയും ബാക്ടീരിയകളെയും ഫലപ്രദമായി നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
ശക്തമായ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ കാണിക്കുന്ന ടെർപെൻസ്, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ ഏലയ്ക്ക സമ്പന്നമാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇവ സഹായിക്കും.
ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
വായിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഏലക്ക നല്ലതാണ്. വായ്നാറ്റം, വായിലെ ബാക്ടീരിയകളെ ചെറുക്കാൻ, മോണ രോഗങ്ങൾ എന്നിവയ്ക്ക് ഏലക്ക ഉത്തമമാണ്.