വിജയവാഡ: ജനസേനാ പാർട്ടി അധ്യക്ഷൻ കെ. പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായും പഞ്ചായത്ത് രാജ്, ഗ്രാമവികസനം, പരിസ്ഥിതി, വനം, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായും ജൂൺ 19ന് ചുമതലയേൽക്കും. പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചതാണിത്.
നേരത്തെ ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കുടിവെള്ള വിതരണത്തിനും ഊന്നൽ നൽകുമെന്ന് കെ. പവൻ കല്യാൺ പറഞ്ഞിരുന്നു. വിശാഖപട്ടണം ജില്ലയിലെ ഏജൻസി പ്രദേശങ്ങൾ(Vizagapatam Hill Tracts Agency ) മുതൽ ഗോദാവരി ഡെൽറ്റ, രായലസീമ വരെ പ്രശ്നങ്ങൾ വൈവിധ്യപൂർണ്ണമാണെന്നും ഗ്രാമവികസനം ഒരു മുദ്രാവാക്യം മാത്രമായിരുന്നെന്ന് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കല്യാണ് പറഞ്ഞു. ഒരു പാത്രം കുടിവെള്ളം കൊണ്ടുവരാൻ സ്ത്രീകൾ കാൽനടയായി വളരെ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനേക്കാൾ വേദനാജനകമായ മറ്റൊന്നില്ല, അദ്ദേഹം നിരീക്ഷിച്ചു. കൂടാതെ, പരിസ്ഥിതി സംരക്ഷണം ജനസേനയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണെന്നും വ്യാവസായിക വികസനം പരിസ്ഥിതിക്ക് വരുത്തുന്ന നാശനഷ്ടങ്ങൾ വളരെ കുറവായിരിക്കണമെന്നും കല്യാൺ പറഞ്ഞു.
ഹരിത ഊർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വനങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി വനസമ്പത്തും പാരിസ്ഥിതികമായി ദുർബലമായ കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിയുക്ത ഉപമുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച വകുപ്പുകളിൽ സന്തോഷമുണ്ടെന്നും അത് തനിക്ക് ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള സാധ്യത നൽകുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.