റിയാദ്: മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻശേഖരവുമായി മലയാളി ഫുട്ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ അറസ്റ്റിൽ. പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനാണ് യുവാവ് എത്തിയത്. വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ ഇയാൾ ഇടയ്‌ക്കിടെ സൗദിയിൽ എത്താറുണ്ട്. സംഭവത്തിൽ സൗദി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അഞ്ച് പേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിൽ കഴിയുന്നത്. സ്റ്റിക്കർ നാട്ടിൽ നിന്ന് ഒരാൾ കൊടുത്തയച്ചതാണെന്ന് പറയപ്പെടുന്നു.
ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ലഗേജുകൾ കടത്തിവിടുന്നത്. മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് സൗദി.















