അമേരിക്കൻ നടനും ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റിൽ. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണ് താരം അറസ്റ്റിലായത്. താരത്തെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അമേരിക്കൻ സമയം ചൊവ്വാഴ്ച രാവിലെയാണ് ടിംബർലേക്ക് പൊലീസ് പിടിയിലായത്.
Everything I Thought It Was എന്ന പുതിയ ആൽബത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി താരം ഗ്ലോബൽ ടൂർ നടത്തുന്നതിനിടെയാണ് സംഭവം. അടുത്തയാഴ്ച ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലും ചിക്കാഗോയിലെ യൂണൈറ്റഡ് സെന്ററിലും താരത്തിന്റെ രണ്ട് പരിപാടികൾ നടത്താൻ നിശ്ചയിച്ചിരുന്നു.
പത്ത് ഗ്രാമി പുരസ്കാരങ്ങളും നാല് പ്രൈംടൈം എമ്മി പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള പ്രതിഭയാണ് ജസ്റ്റിൻ ടിംബർലേക്ക്. The Social Network, Friends With Benefits എന്നിങ്ങനെ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.















