വിജയവാഡ: ടോളിവുഡ് താരവും ജനസേനാ നേതാവുമായ പവൻ കല്യാണിന്റെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പന്തയം വെച്ച വൈഎസ്ആർസിപി നേതാവിനു കുടുംബപ്പേര് നഷ്ടമായി.
പവൻ കല്യാൺ പിതപുരം സീറ്റിൽ വിജയിച്ചാൽ ‘റെഡ്ഡി’ എന്ന പേരു സ്വീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച വൈഎസ്ആർസിപി നേതാവ് മുദ്രഗഡ പത്മനാഭത്തിനാണ് അമളി പറ്റിയത്. കാപ്പു വിഭാഗക്കാരനായ മുൻ മന്ത്രി ബുധനാഴ്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി പേര് മുദ്രഗഡ പത്മനാഭം റെഡ്ഡി എന്നാക്കി മാറ്റി.
മാർച്ചിൽ വൈഎസ്ആർസിപിയിൽ ചേർന്ന മുദ്രഗഡ, “പവൻ ജയിച്ചാൽ പത്മനാഭം എന്നതിന് പകരം മുദ്രഗഡ പത്മനാഭ റെഡ്ഡി എന്നാക്കി മാറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.” എന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വീമ്പിളക്കിയിരുന്നു.
നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാൺ പിതാപുരം അസംബ്ലി മണ്ഡലത്തിൽ വൈഎസ്ആർസിപി നോമിനി വംഗ ഗീതയെ 70,279 വോട്ടുകൾക്ക് തോൽപ്പിച്ചു. മാത്രമല്ല, സംസ്ഥാനത്ത് മത്സരിച്ച 21 അസംബ്ലി സീറ്റുകളിലും രണ്ട് ലോക്സഭാ സീറ്റുകളിലും ജന സേന 100% വിജയവും നേടി. ഇപ്പോൾ ഉപമുഖ്യമന്ത്രിയായ പവൻ അത് കൂടാതെ പഞ്ചായത്ത് രാജ്, ഗ്രാമവികസനം, പരിസ്ഥിതി, വനം, ശാസ്ത്രം, സാങ്കേതികം, ഗ്രാമീണ ജലവിതരണ വകുപ്പുകൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു.
മുദ്രഗഡയും പവനുമെല്ലാം കാപ്പു വിഭാഗത്തിൽപ്പെട്ടവരാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാപ്പുകളുടെ സംവരണ ആവശ്യത്തെ പവൻ പിന്തുണയ്ക്കാത്തതിനെ മുദ്രഗഡ വിമർശിച്ചിരുന്നു. എന്നാൽ മുദ്രഗഡ പത്മനാഭത്തിനു സ്വന്തം കുടുംബത്തിൽ നിന്ന് തിരിച്ചടി നേരിട്ടു. അദ്ദേഹത്തിന്റെ മകൾ ബി ക്രാന്തി ഭാരതി, അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ജന സേനയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ കുടുംബങ്ങളെ ഭിന്നിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പവൻ കല്യാൺ ഭാരതിയുടെ പാർട്ടി പ്രവേശനം വിലക്കി.
പവന്റെ വിജയത്തിന് ശേഷം അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുദ്രഗഡ പത്മനാഭത്തിനെ ലക്ഷ്യമിട്ട് ധാരാളം മീമുകൾ ഇറക്കിയിരുന്നു.
ഇതേതുടർന്ന് തന്റെ വാക്കിൽ ഉറച്ചു നിൽക്കുമെന്നും പേര് മാറ്റുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും മുദ്രഗഡ പരസ്യമായി പറഞ്ഞു, 2024 ജൂൺ 4 ന്, ഫലം പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹം ഒരു പത്രസമ്മേളനം നടത്തുകയും പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സംഭവവികാസത്തിൽ, ആന്ധ്രാപ്രദേശ് ഗവൺമെൻ്റ് ഗസറ്റ് അദ്ദേഹത്തിന്റെ പുതിയ പേര് പദ്മനാഭ റെഡ്ഡി എന്ന് ഔദ്യോഗികമായി അംഗീകരിച്ചു. “വീര രാഘവ റാവുവിന്റെ മകൻ മുദ്രഗഡ പത്മനാഭം ഇനി മുതൽ മുദ്രഗഡ പത്മനാഭ റെഡ്ഡി എന്നറിയപ്പെടും,” 2024 ജൂൺ 19 ലെ ആന്ധ്രാപ്രദേശ് ഗസറ്റിൽ പറയുന്നു.