ന്യൂഡൽഹി: ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ ആദരണീയനായ നേതാവാണെന്നും അദ്ദേഹത്തിന് രാജ്യത്ത് മതപരവും ആത്മീയവുമായ പ്രവർത്തങ്ങൾ നടത്താൻ അനുമതിയുണ്ടെന്നും വ്യക്തമാക്കി ഇന്ത്യ. യുഎസ് പ്രതിനിധിസംഘം ധർമശാലയിലെത്തി ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ വക്താവ് പ്രസ്താവനയിറക്കിയത്.
“ദലൈലാമയെകുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. ആദരണീയനായ മതനേതാവാണ് അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾ ദലൈലാമയെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ ടിബറ്റുകാരെ അനുവദിച്ചിട്ടില്ല,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മുൻ ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ നാൻസി പെലോസി,റിപ്പബ്ലിക്കൻ പ്രതിനിധി മൈക്കൽ മക്കോൾ എന്നിവരടങ്ങുന്ന ഏഴംഗ പ്രതിനിധി സംഘമാണ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്. ദലൈലാമയ്‌ക്കും ചൈനീസ് അധിനിവേശത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന ടിബറ്റൻ സമൂഹത്തിനും പൂർണ പിന്തുണ സംഘം വാഗ്ദാനം ചെയ്തു. പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമയ്‌ക്ക് മാത്രമാണ് അധികാരമെന്നും അദ്ദേഹത്തിനും ടിബറ്റൻ ജനതയ്‌ക്കും സമാധാനത്തോടെ ടിബറ്റിലേക്ക് മടങ്ങിപ്പോകാൻ കഴിയുമെന്നും സംഘം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനു സഹായിക്കുന്ന ടിബറ്റ്-ചൈന തർക്ക പരിഹാര ബിൽ ഒപ്പുവെക്കുമെന്നും 2010 മുതൽ മുടങ്ങിക്കിടക്കുന്ന സമാധാന ചർച്ചകൾക്ക് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും സംഘം പറഞ്ഞു.
യുഎസ് സംഘത്തിന്റെ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ അതൃപ്തി അറിയിച്ച് ചൈന രംഗത്തുവന്നിരുന്നു. ദലൈലാമ വിഘടനവാദിയാണെന്നും ഇന്ത്യയിൽ കഴിയുന്ന ടിബറ്റൻ സമൂഹം വിഘടനവാദ രാഷ്‌ട്രീയ സംഘമാണെന്നും ചൈന ആരോപിച്ചു.















