തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര മുതൽ കേരളാ തീരംവരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതാണ് മഴയ്‌ക്ക് കാരണം. ഇതിനെ തുടർന്ന് അടുത്ത 3 ദിവസം പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.















