ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന്റെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമേ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധി പറയാനിരിക്കുമ്പോൾ അതിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കെജ്രിവാളിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗ് സമർപ്പിച്ച ഹർജിയാണ് ബുധനാഴ്ചയിലേക്ക് മാറ്റി വച്ചത്. ഹൈക്കോടതി വിധി വരാനിരിക്കുന്നതിനിടയിൽ സുപ്രീംകോടതി കേസിൽ ഇടപെടുന്നതിനെ ഇഡി എതിർത്തിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എൻ ഭട്ടി എന്നിവർ അടങ്ങിയ ബഞ്ച് ഹർജി മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങാനിരിക്കെയാണ് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്. ഇഡിയുടെ ഭാഗം പൂർണമായും വിചാരണ കോടതി കേട്ടില്ലെന്ന വാദം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതി താത്കാലികമായി ജാമ്യത്തിന് സ്റ്റേ നൽകിയത്. ഇതിന്റെ വിധി വരാനിരിക്കെയാണ് കെജ്രിവാൾ, ജാമ്യം സ്റ്റേ ചെയ്ത ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.