ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിനാണ് ഇന്ന് സെൻ്റ് ലൂസിയ വേദിയാകുന്നത്. സെമി ഉറപ്പിക്കാൻ ഇന്ത്യയും പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയയും സൂപ്പർ എട്ടിൽ ഇറങ്ങുമ്പോൾ തീപാറുമെന്ന് ഉറപ്പ്. എന്നാൽ മത്സരത്തിന് വില്ലനായി മഴയെത്തുമെന്നാണ് പ്രവചനം. 9 മണിമുതൽ മഴയ്‌ക്ക് 64 ശതമാനമാണ് സാദ്ധ്യത. ഒരു പക്ഷേ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചാൽ ആരൊക്കെ സെമിയിൽ പ്രവേശിക്കുമെന്ന് നോക്കാം.
അപരാജിതരായ ഇന്ത്യക്ക് +2.425 ആണ് റൺറേറ്റ്. രണ്ടു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ഓസ്ട്രേലിയക്ക് +0.233 ഉം കങ്കാരുക്കളെ വീഴ്‌ത്തിയ അഫ്ഗാന് -0.65 ഉം ബംഗ്ലാദേശിന് -2.489 മാണ് റൺറേറ്റ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രവചിക്കപ്പെടുന്നുണ്ട്.
മത്സരം പൂർണമായി ഉപേക്ഷിച്ചാൽ പോയിന്റുകൾ പങ്കുവയ്‌ക്കപ്പെടും. ഒരു പോയിന്റ് ലഭിക്കുന്ന ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കും. ഓസ്ട്രേലിയക്ക് വീണ്ടും അഫ്ഗാൻ-ബംഗ്ലാദേശ് മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരു. ബംഗ്ലാദേശ് ജയിച്ചാൽ സെമി ടിക്കറ്റുറപ്പിക്കാം. അഫ്ഗാനാണ് ജയിക്കുന്നതെങ്കിൽ നാട്ടിലേക്കുള്ള ടിക്കറ്റും ഉറപ്പിക്കാം.