ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായി എല്ലാം റെഡി ആയിരുന്നെങ്കിലും കൊറോണ കാരണമാണ് ചിത്രീകരണം മുടങ്ങിയതെന്ന് നടി മംമ്ത മോഹൻ ദാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാൻ ഇനി സാധ്യത കുറവാണെന്നും നടി പറഞ്ഞു. മംമ്തയുടെ പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
‘ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ട് നടക്കാനിരുന്നതായിരുന്നു. ഭീഷ്മപർവത്തിന് മുമ്പ് ചെയ്യേണ്ട സിനിമയായിരുന്നു ബിലാൽ. എല്ലാ അഭിനേതാക്കളുടെയും ഡേറ്റും കിട്ടിയിരുന്നു. ലൊക്കേഷനും ശരിയായി വന്നതാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പാണ് കൊറോണ നിയന്ത്രണവും ലോക്ഡൗണും വന്നത്. അതോടെ ഷൂട്ട് നിന്നുപോയി. ഇനി അത് എപ്പോൾ നടക്കുമെന്ന് അറിയില്ല.’- മംമ്ത മോഹൻദാസ് പറഞ്ഞു.
2007-ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമാണ് ബിഗ് ബി. ചിത്രത്തിന് തിയേറ്ററിൽ മികച്ച വിജയം കാഴ്ച വയ്‌ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ബിഗ് ബി പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. 2017-ലാണ് ബിലാൽ എന്ന പേരിൽ ബിഗ്ബിയുടെ രണ്ടാം ഭാഗം അമൽ നീരദ് അനൗൺസ് ചെയ്തത്. ഏഴ് വർഷം കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച് പുതിയ അപ്ഡേഷനൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ഏഴ് വർഷമായിട്ടും ഷൂട്ടിനെക്കുറിച്ചോ ഷെഡ്യൂളിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിരുന്നില്ല.















