ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ സിബിഐ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന പ്രചാരണം അഴിച്ചുവിട്ട് ആം ആദ്മി പാർട്ടി നേതാക്കൾ. ഇഡി അറസ്റ്റ് ചെയ്ത കെജ് രിവാളിനെ തിഹാർ ജയിലിലെത്തി സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ആയിരുന്നു ആം ആദ്മി പാർട്ടി നേതാക്കൾ പുറത്തുവിട്ട കഥ.
എന്നാൽ സിബിഐ കെജ് രിവാളിനെ ജയിലിൽ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. കെജ് രിവാളിന്റെ ജാമ്യഹർജിയിൽ സുപ്രീംകോടതി നാളെ തീരുമാനമെടുക്കാനിരിക്കെയാണ് എഎപി നേതാക്കൾ വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. കേന്ദ്രസർക്കാരും സിബിഐയും ഗൂഡാലോചന നടത്തുകയാണെന്നും കെജ് രിവാളിനെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്ത് അറസറ്റ് ചെയ്തുവെന്നുമാണ് എഎപി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചത്.
ബുധനാഴ്ച കെജ് രിവാളിനെ സിബിഐ വിചാരണ കോടതിയിൽ ഹാജരാക്കുമെന്നുമായിരുന്നു വാർത്ത. ഇതിന് പിന്നാലെ ആയിരുന്നു ചോദ്യം ചെയ്തതേയുളളൂവെന്ന വാർത്ത പുറത്തുവന്നത്. നേരത്തെ വിചാരണ കോടതി കെജ് രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ കെജ് രിവാൾ നൽകിയ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത പ്രചാരണവുമായി എഎപി കേന്ദ്രങ്ങൾ എത്തിയത്.
കേസിൽ കെജ് രിവാളിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി അഴിമതിപ്പണത്തിൽ നിന്നാണ് 100 കോടി രൂപ വിനിയോഗിച്ചതെന്നും ഇഡി അറിയിച്ചിരുന്നു.