രാവിലെ ഉണർന്നാൽ വയറ്റിനുള്ളിൽ പെരുമ്പറ കെട്ടുന്നുവെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടാകും. രാത്രി നന്നായി ആഹാരം കഴിച്ച് ഉറങ്ങിയാലും ഉറക്കം ഉണർന്നാൽ വിശപ്പും ദാഹവും, എന്ത് കഴിച്ചാലും വയർ നിറയുന്നില്ലെന്ന തോന്നൽ. കാര്യമാക്കാതെ അവഗണിക്കുന്ന ഈ വിശപ്പും ദാഹവും വാസ്തവത്തിലൊരു മുന്നറിയിപ്പാണ്. രക്തസമ്മർദ്ദം വലിഞ്ഞുമുറുക്കാൻ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കിലേറെ ഗുരുതരമാകും.
യുവതലമുറയാണ് ഇന്ന് ഹൈപ്പർ ടെൻഷന്റെ വലയിലാകുന്നവരിലേറെയും. ഭക്ഷണക്രമവും ജീവിതരീതികളുമാണ് രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നത്. ചിലപ്പോൾ ജനിതക കാരണങ്ങൾ, മാനസിക സമ്മർദം, ഉറക്കക്കുറവും ബിപി പ്രശ്നങ്ങൾ ഉണ്ടാക്കാം. രക്തസമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കുന്നു. രാവിലെ രക്തസമ്മർദ്ദം ഉയർന്നാൽ ശരീരത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ എന്താണെന്ന് അറിയുക.
തലകറക്കം: എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുന്നത് രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം.
ദാഹം അനുഭവപ്പെടുക: രാത്രി ആവശ്യത്തിന് വെള്ളം കുടിക്കാതെ ഉറങ്ങിയാൽ എഴുന്നേൽക്കുമ്പോൾ ദാഹം അനുഭവപ്പെടുന്നത് സ്വഭാവികമാണ്. എന്നാൽ എഴുന്നേറ്റയുടൻ ദാഹം തോന്നുകയും വായ വരളുകയും ചെയ്താൽ ഉയർന്ന ബിപിയുടെ ലക്ഷണങ്ങളാകാം. ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിക്കുമ്പോൾ ഇത് സംഭവിക്കാം. സാധാരണ കാര്യമെന്ന് കരുതി അവഗണിക്കരുത്.
മങ്ങിയ കാഴ്ച: രാവിലെ ഉറക്കമുണർന്ന് കുറച്ച് സമയത്തേക്ക് കാഴ്ച മങ്ങുന്നവർ ബിപി പരിശോധിക്കണം. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ബിപി കൂടിയാൽ കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാകും. ഇത് കാഴ്ചശക്തി കുറയ്‌ക്കുകയും കണ്ണുകളെ ദുർബലപ്പെടുത്തുകയും ചെയ്യും.
ഓക്കാനം: ഉറക്കമുണർന്നയുടനെ ഛർദ്ദിയോ ഓക്കാനമോ അനുഭവപ്പെടുകയാണെങ്കിൽ സൂക്ഷിക്കണം. ശരീരത്തിലെ രക്തചംക്രമണം വർദ്ധിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടും. ഇത് ഓക്കാനത്തിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാകാം ഇത്.
അമിതമായ ക്ഷീണം: രാത്രി മുഴുവൻ ഉറങ്ങിയിട്ടും രാവിലെ ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ബിപി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് രാവിലെ ഊർജ്ജക്കുറവ് അനുഭവപ്പെടും.















