ഇസ്ലാമബാദ്: മുഹറം പ്രമാണിച്ച് ജൂലൈ 13 മുതൽ 18 വരെ പാകിസ്താനിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനം ബാധകമാണ്. നാല് മാസം മുൻപ് പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ പ്രമുഖ മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സ് പാകിസ്താൻ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹറത്തിന്റെ പേരിൽ പുതിയ നിയന്ത്രണം.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ ആവശ്യപ്രകരമാണ് നടപടിയെന്നാണ് സൂചന. വിശുദ്ധ മാസമായ റമദാനിൽ “വിദ്വേഷം” നിയന്ത്രിക്കാൻ മുഹറം 6 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ (ജൂലൈ 13-18) എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കാൻ ക്യാബിനറ്റ് കമ്മിറ്റിക്ക് മറിയം ശുപാർശ ചെയ്തു.
പാക് ഭരണകൂടം സോഷ്യൽ മീഡിയയ്‌ക്കെതിരെ രംഗത്ത് വരുന്നത് ഇതാദ്യമായല്ല. സോഷ്യൽ മീഡിയ ഒരു ദുഷിച്ച മാധ്യമമാണെന്ന്, പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ മന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അടുത്തിടെ സോഷ്യൽ മീഡിയ പൂർണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണത്തെത്തുടർന്ന് ഫെബ്രുവരിയിലാണ് ഷെഹ്ബാസ് സർക്കാർ എക്‌സ് അടച്ചുപൂട്ടിയത്.















