ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരുകാലഘട്ടം സ്വന്തം പേരിൽ അടയാളപ്പെടുത്തിയ അതുല്യപ്രതിഭ, മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 43-ാം പിറന്നാൾ. പകരക്കാരനില്ലാത്ത അമരക്കാരൻ, വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പേരാണ് ധോണി.
ഒന്നുമില്ലായ്മയുടെ പടുകുഴിയിലായിരുന്ന ഒരുസംഘത്തിനെ സ്വയം തോളിലേറ്റി ലോകചാമ്പ്യന്മാരാക്കിയാണ് റാഞ്ചിയിൽ നിന്നുള്ള നീളൻ മുടിക്കാരനായ ഒരു പയ്യന്റെ നായക കരിയറിന്റെ തുടക്കം. ദ്രാവിഡ് നയിച്ച ഏകദിന ലോകകപ്പിൽ നാണം കെട്ട് പടിയിറങ്ങിയ ഒരു സംഘത്തെ അടുത്ത അന്താരാഷ്‌ട്ര ടൂർണമെന്റിൽ അയാൾ ജേതാക്കളാക്കി. സച്ചിനും ദ്രാവിഡുമില്ലാതെ പ്രമുഖരില്ലാതെ യുവാക്കളുടെ ഒരു സംഘത്തെയും കൊണ്ട് ദക്ഷിണാഫ്രിക്കയിൽ അയാൾ തീർത്ത ഇന്ദ്രജാലം ഇന്നും ഒരു അത്ഭുതമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കരിയറുകളിൽ ഒന്നാണ് എം എസ് ധോണിയുടേത്. ക്യാപ്റ്റനെന്ന നിലയിൽ കളിച്ച ടൂർണമെന്റുകളിൽ എല്ലാം കിരീടം സ്വന്തമാക്കിയ നായകൻ. മുൻനിര തകർന്നാൽ കളി തോൽക്കുമെന്ന് കരുതിയിരുന്ന തലമുറയെ ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ കളികാണാൻ പഠിപ്പിച്ച സൂപ്പർ ഫിനിഷർ. ടൂർണമെന്റുകളിൽ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പേരായിരുന്നു ധോണി.
ഒഴിഞ്ഞുവച്ച നായക സ്ഥാനവും ഫിനിഷർ റോളും ഇന്നും പകരം വയ്‌ക്കാനില്ലാതെ അങ്ങനെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ട് ഇന്നും ക്രിക്കറ്റ് ലോകത്തിനൊരു അത്ഭുതമാണ്. വിക്കറ്റിന് പിന്നിൽ ധോണിയോളം പോന്നൊരു പ്രതിഭ ലോകക്രിക്കറ്റിൽ അതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് വാസ്തവം. ബോളിനോളം വേഗത സ്റ്റമ്പിന് പുറകിലെ അയാളുടെ നീക്കങ്ങൾക്കുമുണ്ടായിരുന്നു. റാഞ്ചിയിൽ നിന്ന് വന്ന ഒരു പയ്യൻ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച കഥ മനോഹരമാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ പിറന്നാളും ആരാധകർക്ക് ആഘോഷമാണ്.
2014-ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച ധോണി 90 മത്സരങ്ങളിൽ നിന്ന് 4876 റൺസാണ് സ്വന്തമാക്കിയത്. 350 ഏകദിനങ്ങളിൽ നിന്ന് 10773 റൺസും 98 ടി20യിൽ നിന്ന് 1617 റൺസുമാണ് എം എസ് ധോണിയുടെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിൽ 10 സെഞ്ച്വറികളും 108 അർദ്ധ സെഞ്ച്വറികളും സ്വന്തം. ഐപിഎല്ലിൽ 264 മത്സരങ്ങളിൽ 24 അർദ്ധ സെഞ്ച്വറികളോടെ 5243 റൺസും ധോണിക്കുണ്ട്.
ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളും രാജ്യത്തിന് സമ്മാനിച്ച നായകനാണ് ധോണി. ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരാക്കിയ നായകൻ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് നായകപദവി യുവതാരം ഋതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു.















