‘എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി’ ഈ ഒരൊറ്റപാട്ടു മതി രേണുക മേനോനെ മലയാളികൾ ഓർക്കാൻ. കമൽ ചിത്രമായ നമ്മളിലൂടെ മലയാളികൾക്ക് മുന്നിലെത്തി പൃഥ്വിരാജിനൊപ്പവും ജയം രവിയോടൊപ്പം വരെ അഭിനയിച്ച നടിയായിരുന്നു രേണുക. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയതോടെ താരം സിനിമയിൽ സജീവമല്ല.
വർഷങ്ങൾക്ക് ശേഷം ‘നമ്മൾ’ സിനിമയുടെ ഓർമകൾ പുതുക്കുകയാണ് താരം. ചിത്രത്തില്‍ രേണുകക്ക് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു, ഭാവന തുടങ്ങിയവരും അഭിനയിച്ചിരുന്നു. ജിഷ്ണുവിന്റെ മരണം തന്നെ എങ്ങനെ ബാധിച്ചെന്നാണ് രേണുക പറയുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണുക ഇക്കാര്യങ്ങൾ പറഞ്ഞത്.
‘നമ്മൾ സിനിമ ചെയ്തതിന് ശേഷം ഒരു സിനിമ കൂടി ജിഷ്ണുവിനൊപ്പം ചെയ്തിരുന്നു. അപ്പോൾ ജിഷ്ണുവുമായുള്ള സൗഹൃദം കുറച്ചു കൂടുതലായി. പിന്നെ എന്റെയൊരു ബിഗ് ബ്രദറിനെപ്പോലെ ആയിരുന്നു ജിഷ്ണു. ചെറിയ പ്രായമായിരുന്നതിനാൽ, എവിടെ എങ്ങനെ പെരുമാറണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അന്നൊക്കെ ഒരുപാട് കാര്യങ്ങൾ ജിഷ്ണു ആയിരുന്നു പറഞ്ഞു തന്നിരുന്നത്. ഇത്രയ്‌ക്ക് ദേഷ്യം പാടില്ല, എവിടെ എങ്ങനെ പെരുമാറണം എന്നൊക്കെ അവൻ പറഞ്ഞു തരുമായിരുന്നു.
അതുകൊണ്ട് തന്നെ ജിഷ്ണു മരിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. കാരണം, എന്റെ രണ്ടാമത്തെ ഡെലിവറി
കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു ജിഷ്ണുവിന്റെ മരണം. ഞാൻ പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ ആയിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് എന്നെ ആ മരണം വല്ലാതെ ബാധിച്ചിരുന്നു. എങ്ങനെയാണ് അത് പറയേണ്ടതെന്ന് പോലും ഇപ്പോൾ അറിയില്ല. കുറച്ച് സമയം എടുത്തിരുന്നു അതിൽ നിന്നൊക്കെ ഞാൻ പുറത്ത് വരാൻ.’- രേണുക പറഞ്ഞു.















