എംടി യുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ. സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിന്റെ മുൻനിര സംവിധായകർ ഒരുക്കുന്ന ചിത്രം ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
ചിത്രം ഓണത്തിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായാണ് പുറത്ത് വിടാൻ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്.
എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിതിന്റെ സംവിധാനത്തിലാണ് ഇറങ്ങുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നായ ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ഇതിൽ നായകനായെത്തുന്നത് ഫഹദ് ഫാസിലാണ്.
സിദ്ദിഖ് പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. എം ടി യുടെ ‘അഭയം തേടി’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതിയുടെ സംവിധാനത്തിൽ എത്തുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.















