ന്യൂഡൽഹി: കുതിച്ചുയർന്ന് രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി രംഗം. ജൂൺ മാസത്തിൽ 16.91 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം വരെ 2.82 ബില്യൺ ഡോളറിന്റെ ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 2.42 ബില്യൺ ഡോളറായിരുന്നു.
ഏപ്രിലിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി 25.8 ശതമാനം വർദ്ധിച്ചു. 2023 ഏപ്രിലിലെ 2.11 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം 2.65 ബില്യൺ ഡോളറായാണ് കയറ്റുമതി വർദ്ധിച്ചത്. മൊബൈൽ ഫോണുകളാണ് കയറ്റുമതി ചെയ്യുന്നവയിലധികവും. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇലക്ട്രോണിക്സ് കയറ്റുമതി രംഗം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. വരുന്ന അഞ്ച് വർഷത്തിനിടെ ഉത്പാദനം 250 ബില്യൺ ഡോളറിലെത്തുമെന്നാണ് അനുമാനം.
വ്യാപാരച്ചരക്കുകളുടെ കയറ്റുമതിയിലും ഇന്ത്യ വൻ കുതിപ്പാണ് നടത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തിന്റെ കയറ്റുമതി 200 ബില്യൺ ഡോളറായി വർദ്ധിച്ചു. വാണിജ്യ, സേവന മേഖലകളിലെ കയറ്റുമതി ജൂണിൽ 65.47 ബില്യൺ ഡോളറായി ഉയർന്നു. 2.56 ശതമാനത്തിന്റെ വളർച്ചാണ് ജൂൺ മാസത്തിൽ കൈവരിച്ചത്.















