പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാഭേദമന്യേ ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയായിരുന്നു ‘വിടുതലൈ’. കഴിഞ്ഞ വർഷം തിയേറ്ററിലെത്തിയ ചിത്രത്തിൽ സൂരിയായിരുന്നു നായകൻ. ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷം ചെയ്തിരുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി കൊണ്ടായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്.
പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രൗദ്രവും സ്‌നേഹവും പ്രതിഫലിപ്പിക്കുന്ന രണ്ട് പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. രക്തത്തിൽ കുളിച്ച് കത്തിയുമായി നിൽക്കുന്ന വിജയ് സേതുപതിയാണ് ആദ്യത്തെ പോസ്റ്ററിൽ. രണ്ടാമത്തേതിൽ മഞ്ജു വാര്യർക്കൊപ്പമുള്ള പ്രണയ നിമിഷങ്ങളാണുള്ളത്.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈയുടെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.















