തിരുവനന്തപുരം; മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ സോളാർ വിശേഷം എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം സിഎസ്‌ഐ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം എംപി ശശി തരൂർ സാഹിത്യകാരി റോസ്‌മേരിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
കേരള രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സോളാർ വിവാദങ്ങളുടെ ഉള്ളറ രഹസ്യങ്ങളും ഉമ്മൻചാണ്ടിയെന്ന രാഷ്‌ട്രീയ നേതാവിന്റെ രാഷ്‌ട്രീയ വ്യക്തിത്വവുമാണ് പുസ്തകം ചർച്ച ചെയ്യുന്നത്. പുറത്തിറങ്ങും മുമ്പേ വിവാദങ്ങൾ സൃഷ്ടിച്ച പുസ്തകമാണ് സോളാർ വിശേഷം. സോളാർ സമരം ഒത്തുതീർപ്പാക്കാൻ മാദ്ധ്യമപ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ് ഇടപെട്ടുവെന്ന ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ അടുത്തിടെ വലിയ ചർച്ചയായിരുന്നു.
രാപ്പകൽ സമരത്തിനെത്തിയ അണികളെ വഞ്ചിച്ചുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം ഒത്തുതീർപ്പാക്കിയതെന്ന വിമർശനവും ഉയർന്നു. മുൻ അംബാസിഡർ വേണു രാജാമണിയാണ് പുസ്തകം അവതരിപ്പിച്ചത്. സോളാർ കേസിലെ അവശേഷിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സോളാർ വിശേഷമെന്ന് രാജാമണി പറഞ്ഞു.
സോളാർ കമ്മിഷനെതിരെ രൂക്ഷ വിമർശനമാണ് ചടങ്ങിൽ സംസാരിച്ച കോൺഗ്രസ് നേതാക്കളുയർത്തിയത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ തുടങ്ങിയവരും പങ്കെടുത്തു.
















