രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരോട് വിയോജിപ്പ് മാത്രമാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത്. ഇങ്ങനെയുള്ളവരെ ചോദ്യം ചെയ്താൽ, സിറ്റുവേഷൻഷിപ്പ്, സെക്ഷ്വാലിറ്റി തുടങ്ങിയ വ്യക്തതയില്ലാത്ത പുകമറകളാണ് മറുപടിയായി ലഭിക്കുന്നതെന്നും സീമ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സീമ ചോദ്യങ്ങൾ ഉന്നയിച്ചത്.
‘രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാൻ ട്രാൻസ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീർത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങൾ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവർക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേർത്ത് നിർത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാൻ വന്നാൽ നിങ്ങളിൽ നിന്നും കിട്ടുന്ന ഉത്തരം situation ship, sexuality, ഇങ്ങനെ കുറെ പുകമറകൾ അല്ലേ…
വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലർ, അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി ആണോ നിങ്ങൾ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്….? അതോ അതിനുള്ള മറുപടി ആ സ്ത്രീകൾ പീഡിപ്പിച്ചു എന്നാണോ?
മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതൽ ഓർമ്മ വച്ച നാൾ മുതൽ ഞാൻ സ്ത്രീയാണ് എന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്… അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ. പക്ഷേ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ…. മറ്റുള്ളവരിൽ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ… ഇതെല്ലാം കഴിയുമ്പോൾ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടി അരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്…അതിനുവേണ്ടി ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരുവിധ കാര്യവും ഇല്ല.’- സീമ വിനീത് കുറിച്ചു.















