തിരുവനന്തപുരം; ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഡോ. എം.എസ് വല്യത്താൻ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റാച്യുവിലെ സംസ്‌കൃതി ഭവനിലായിരുന്നു പരിപാടി.
ഡോക്ടർ വല്യത്താന്റെ സംഭാവനകൾ സമൂഹം എന്നുമൊർക്കുമെന്നും വിയോഗം നാടിനുണ്ടായ തീരാവേദനയെന്നും സഞ്ജയ് ബിഹാരി അനുസ്മരിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ചടങ്ങിൽ അധ്യക്ഷനായി. ശ്രീചിത്ര ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം തലവൻ ഡോ. പി.ആർ ഹരികൃഷ്ണ വർമ്മ, കോട്ടയ്‌ക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. കെ മുരളീധരൻ, പ്രൊഫസർ കെ.പി സുധീർ, പ്രൊഫ. അച്ചുത് ശങ്കർ, ഡോ. ടി.എസ് മുരളീധരൻ എന്നിവർ പങ്കെടുത്തു.
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു ഹൃദയശസ്ത്രക്രിയ വിദഗ്ധൻ കൂടിയായ ഡോക്ടർ എം.എസ് വല്യത്താൻ. ഹൃദയശസ്ത്രക്രിയകൾക്കായി വിദേശത്ത് നിന്നും വൻവില കൊടുത്തു വാങ്ങിയിരുന്ന കൃത്രിമ വാൽവുകൾ കുറഞ്ഞ വിലയിൽ ശ്രീചിത്രയിൽ നിർമിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം ആരോഗ്യരംഗത്തെ വലിയ മാറ്റമായിരുന്നു. കഴിഞ്ഞ 18 നായിരുന്നു അദ്ദേഹം അന്തരിച്ചത്.















