നീണ്ട രണ്ടു ദശാബ്ദത്തോളം ലോക ഹോക്കിയിലെ വൻ ശക്തിയായിരുന്ന ഇന്ത്യയുടെ തിരിഞ്ഞുനടത്തം തുടങ്ങിയതും ഒരു സ്വർണ നേട്ടത്തോടെയാണ്. പിന്നീട് 44 വർഷങ്ങൾക്കിടയിൽ ഒരു സ്വർണം പോലും ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് നേടാനായിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടി 41 വർഷത്തെ ഹോക്കിയിലെ കിരീട വരൾച്ചയ്‌ക്ക് ഇന്ത്യ വിരാമമിട്ടിരുന്നു. ഇത്തവണ പാരിസിലും ഹർമ്മൻ പ്രീത് സിംഗും സംഘവും ലക്ഷ്യം വയ്‌ക്കുന്നത് സ്വർണം തന്നെയാണ്.
1980 മോസ്‌കോ ഒളിമ്പിക്സിൽ വാസുദേവൻ ഭാസ്‌കരൻ നയിച്ച ടീം സ്പെയിനിനെ തോൽപ്പിച്ച് സ്വർണമണിഞ്ഞു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ നേടിയ അവസാന സ്വർണവും അതായി. 4-3-നായിരുന്നു അന്ന് ഇന്ത്യയുടെ ജയം. പോളണ്ടിനെ 2-1ന് തോൽപ്പിച്ച് സോവിയറ്റ് യൂണിയൻ വെങ്കലവും നേടി. ടാൻസാനിയയെ പരാജയപ്പെടുത്തിയ അന്ന് ഇന്ത്യ ടൂർണമെന്റിലേക്കുള്ള തങ്ങളുടെ വരവറിയിച്ചത്. സുരീന്ദർ സിംഗ് സോധിയുടെ 5 ഗോളുകളുൾപ്പെടെ 18 ഗോളുകളാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.
പിന്നീട് നടന്ന മത്സരങ്ങളിൽ പോളണ്ടും സ്‌പെയിനും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തിയെങ്കിലും ക്യൂബയെ 13-0ന്് തകർത്ത് ഇന്ത്യ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തി. പിന്നാലെ സോവിയന്റ് യൂണിയനെതിരായ മത്സരത്തിലും 4-3ന് വിജയിച്ചു. മോസ്‌കോയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ 4-3 എന്ന സ്‌കോറിലായിരുന്നു സ്‌പെയിനിനെതിരായ ഇന്ത്യൻ ജയം. സുരീന്ദർ സിംഗ് സോധിയുടെ ഇരട്ടഗോളുകളും മുഹമ്മദ് ഷാഹിദ്, എം.കെ. കൗശിക് എന്നിവരുടെ ഗോളുകളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
പിന്നീട് ഇന്നുവരെ ഇന്ത്യക്ക് മെഡൽപ്പട്ടികയിൽ ഇടംപിടിക്കാൻ പോലുമായില്ല. അതിനൊരു അന്ത്യം കുറിച്ചത് കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ മലയാളി താരം പി.ആർ. ശ്രീജേഷിന്റെ നേതൃത്വത്തിൽ വെങ്കല മെഡൽ നേടിയപ്പോഴാണ്. 2021 ഓഗസ്റ്റ് അഞ്ചിനായിരുന്നു ആ ചരിത്ര മെഡൽ പിറന്നത്. കരുത്തരായ ജർമനിയുടെ നാല് ഗോളുകൾ അഞ്ച് ഗോളിന് മറികടന്നാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.
പക്ഷേ സ്വർണമെന്ന സ്വപ്നം സ്വപ്നമായിത്തന്നെ തുടരുമോ ഇല്ലയോയെന്ന് പാരിസിൽ കണ്ടറിയാം. ഹോക്കിയില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ കരുത്തരായ അര്‍ജന്റീനയെ നേരിടും. വൈകിട്ട് 4.15നാണ് മത്സരം. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യം. ന്യൂസിലന്‍ഡിനെതിരായ വിജയവുമായാണ് ഇന്ത്യ അർജൻ്റീനയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്.















