ന്യൂഡൽഹി: സഹസ്‌ത്ര സീമ ബലിന്റെ ( എസ്എസ്‌ബി ) ഡയറക്ടർ ജനറലായ ദൽജിത് സിംഗ് ചൗധരിക്ക് ഇനി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഡയറക്ടർ ജനറലിന്റെ അധിക ചുമതല. ശനിയാഴ്ച അദ്ദേഹം ചുമതല ഏറ്റെടുത്തതായി ബിഎസ്എഫ് അറിയിച്ചു.
ഉത്തർപ്രദേശ് കേഡറിലെ 1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ദൽജിത് സിംഗ് ചൗധരി. 34 വർഷത്തെ സർവീസിൽ ഉത്തർപ്രദേശിൽ അദ്ദേഹം വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ സെൻട്രൽ ഡെപ്യൂട്ടേഷനിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ (ഐടിബിപി) എഡിജിയായും സെൻട്രൽ റിസർവ് പൊലീസ് സേനയിൽ എസ്ഡിജിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 2024 ജനുവരി 23 ന് ആണ് അദ്ദേഹം എസ്എസ്ബിയിൽ ഡിജിയുടെ ചുമതല ഏറ്റെടുക്കുന്നത്.
മികച്ച ഒരു ഷൂട്ടറും സ്കൈ ഡൈവറും കൂടിയാണ് ദൽജിത് സിംഗ് ചൗധരി. ധീരതയ്‌ക്ക് 4 പോലീസ് മെഡലുകളും, വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലും, അതി ഉത്കൃഷ്‌ത് സേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.















