പാരിസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. അനുകൂല ഉത്തരവുണ്ടായാൽ വിനേഷിന് വെള്ളി മെഡൽ ലഭിക്കും. കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് പ്രഖ്യാപിക്കും.
കേവലം 100 ഗ്രാം ഭാരം ഭാരം കൂടിയതിന് പിന്നാലെയാണ് താരത്തെ ഫൈനലിൽ നിന്ന് അയോഗ്യയാക്കിയത്. ഇതിനെതിരെ ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയിരുന്നു. യുണൈറ്റഡ‍് വേൾഡ് റസ്ലിംഗിനാണ് ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയത്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷ വിനേഷ് ഫോഗട്ടിനെ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. ഭാരം കുറയ്‌ക്കാൻ കഠിന പരിശ്രമം നടത്തി നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിലാണ് വിനേഷ് ഫോഗട്ട്.
ഇതിനിടെ അയോഗ്യയാക്കിയതിന് പിന്നിൽ അട്ടിമറിയാണെന്ന ആരോപണവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അയോഗ്യത വിശ്വസിക്കാനാകുന്നില്ലെന്നാണ് മുൻ ബോക്സിംഗ് താരം വിജേന്ദർ സിംഗ് പ്രതികരിച്ചത്. ഒറ്റ രാത്രി കൊണ്ട് ആറ് കിലോ വരെ ഭാരം കുറയ്‌ക്കുന്നവരാണ് തങ്ങളെന്നും അതിനാൽ തന്നെ സംഭവം ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.















