എവിടെയെങ്കിലും പോകാൻ നേരത്തോ, എന്തെങ്കിലും അത്യാവശ്യ സമയത്തോ സുഹൃത്തുക്കൾ പണി തരാറുണ്ട്. കൂട്ടുകാരുടെ ‘പോസ്റ്റ്’ ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കണ്ണൂർ കൂത്തുപറമ്പിലെ ഒരു വ്യാപാരിക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് നൽകിയത് എട്ടിന്റെ പണിയാണ്. കടയടയ്‌ക്കാൻ സുഹൃത്തിന് താക്കോൽ കൈമാറിയ വ്യാപാരിക്കാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പണി കിട്ടിയത്. കടപൂട്ടാതെ സുഹൃത്ത് ഉറങ്ങാൻ പോയതാണ് പ്രശ്നമായത്.
കൂത്തുപറമ്പ് മൂന്നാംപീടികയിലെ ഹാർഡ്‌വേർ വ്യാപാരിയാണ് തനിക്ക് സുഖമില്ലാത്തതിനാൽ രാത്രി കട പൂട്ടാൻ ഉറ്റ സുഹൃത്തിനെ ഏൽപ്പിച്ചത്. കടയിൽ നിന്നും മടങ്ങിയ വ്യാപാരി ഫോണും ഓഫ് ചെയ്ത് വീട്ടിൽ പോയി ക്ഷീണത്തിൽ മയങ്ങി. കടയുടെ താക്കോൽ ഏൽപ്പിച്ചെന്നുള്ള കാര്യം പോലും മറന്ന് സുഹൃത്തും വീട്ടിൽ പോയി സുഖമായി കിടന്നുറങ്ങി.
രാത്രി ഒരു മണിയായിട്ടും കട തുറന്നു കിടക്കുന്ന കണ്ട പോലീസാണ് ഷട്ടർ താഴ്‌ത്തിയത്. കൺട്രോൾ റൂം എസ്.ഐ പി.കെ. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ്ങിനെത്തിയപ്പോഴാണ് ഏറെ വൈകിയും കട തുറന്നു കിടക്കുന്ന കണ്ടത്. തുടർന്ന് ആരെയും കാണാത്തതിനാൽ കടയിൽ കയറി പോലീസ് സംഘം പരിശോധിച്ചു. സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. കടയുടമയുടെ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല.
അടുത്തുള്ള കടയുടമയുടെ ഫോൺ നമ്പറിൽ വിളിച്ചാണ് പോലീസ് കാര്യമന്വേഷിക്കുന്നത്. ശേഷം, കടയ്‌ക്കുള്ളിൽ മേശപ്പുറത്തിരുന്ന താഴും താക്കോലുമെടുത്ത് പോലീസ് തന്നെ ഷട്ടർ പൂട്ടുകയായിരുന്നു. രാവിലെ താക്കോൽ വാങ്ങാൻ കടയുടമയോട് സ്റ്റേഷനിൽ എത്താനും പോലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് കൂട്ടുകാരന് മറവിയുള്ള കാര്യം വ്യാപാരി തിരിച്ചറിഞ്ഞത്.