ചെറുക്കാൻ കഴിയാത്ത വിധത്തിലാണ് ലോകമെമ്പാടും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങൾ അനുഭവപ്പെടുന്നത്. ആയുഷ്കാലം മുഴുവൻ സമ്പാദിച്ചതെല്ലാം കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ നാമവശേഷമാകുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇത്തരം സാഹചര്യത്തിൽ ചർച്ചയാവുകയാണൊരു ഫ്ലോട്ടിംഗ് ഹൗസ്.
2023-ൽ ബിഹാറിലെ അരാഹിലാണ് ഈ വീട് നിർമ്മിച്ചത്. വെള്ളപ്പൊക്കം ഉണ്ടാവുന്ന സാഹചര്യത്തിൽ വെള്ളത്തിൽ പൊങ്ങി കിടക്കും വിധത്തിലുള്ള വീടാണ് ബിഹാർ സ്വദേശിയും സോഷ്യൽ ആർട്ടിസ്റ്റും സെൻ്റർ ഓഫ് റെസിലിയൻസിന്റെ സ്ഥാപക ഡയറക്ടറുമായ പ്രശാന്ത് കുമാർ നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഹൗസാണ് ബിഹാറിലേത്. സുസ്ഥിരത ഉറപ്പാക്കും വിധത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. മുള, പുല്ല്, ചെളി, ചാണകം, കുമ്മായം എന്നിവ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ജലത്തെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക്കിലാണ് വീടിന്റെ സിംഹഭാഗവും നിർമിച്ചിരിക്കുന്നത്. വലിയ വീപ്പകളും മെറ്റൽ പൈപ്പുകളുമാണ് മറ്റ് സാമഗ്രികൾ. പരിസ്ഥിതി സൗഹൃദപരമായി ഡ്രൈ ടോയ്ലറ്റ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിക്കായി സോളാർ പാനലുകളും സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് മുറികളും അടുക്കളയും ഡ്രൈ ടോയ്ലറ്റുമാണ് ഈ വീട്ടിലുള്ളത്.
ആറ് മുതൽ എട്ട് വരെ പേർക്ക് വരെ താമസിക്കാൻ സാധിക്കുന്ന വീട് 30 x 30 അടി വിസ്തീർണ്ണമുള്ള ഫ്ലോട്ടിംഗ് അടിത്തട്ടിന് മുകളിലാണ് വീട് നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പിന് മുകളിൽ ഉയർന്ന് നിൽക്കാനും ശൈത്യകാലത്തും വേനൽക്കാലത്തും തറയിൽ ഉറപ്പോടെ നിൽക്കാനും സാധിക്കും.
View this post on Instagram















