ന്യൂഡൽഹി: 2036-ഓടെ ഇന്ത്യയിലെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ‘വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023’ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 2036 ഓടെ ജനസംഖ്യയിലെ സ്ത്രീപങ്കാളിത്തവും വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2036 ഓടെ സ്ത്രീകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 48.8 ശതമാനത്തിലെത്തും. 2011 ൽ ഇതിന് മുൻപ് സർവ്വെ നടന്നപ്പോൾ 48.5 ശതമാനമായിരുന്നു സ്ത്രീകളുടെ എണ്ണം. ഇതിലാണ് ഗണ്യമായ മാറ്റം ഉണ്ടാകുക. സ്ത്രീ- പുരുഷ അനുപാതത്തിലും മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 1000 പുരുഷൻമാർക്ക് 952 സ്ത്രീകൾ എന്ന നിലയിലേക്ക് എത്തും. 2011 ലെ കണക്കനുസരിച്ച് ഇത് 943 ആണ്.
15 ൽ താഴെയുളളവരുടെ എണ്ണത്തിൽ കുറവ് വരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ 60 ഉം അതിന് മുകളിലും പ്രായമുളളവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎൻ പുറത്തുവിട്ട ‘ദി വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ട്‌സ് 2024’ റിപ്പോർട്ടിൽ 2060 ൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആയി ഉയരുമെന്നാണ് പറയുന്നത്. പിന്നീട് 12% കുറയുമെന്നും സൂചിപ്പിച്ചിരുന്നു.















