തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക കാര്യങ്ങളിൽ അച്ഛൻ കണ്ഠര് രാജീവരെ സഹായിക്കാൻ ഇനി മകൻ കണ്ഠര് ബ്രഹ്‌മദത്തനും. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ അച്ഛനൊപ്പം ബ്രഹ്‌മദത്തനും സന്നിധാനത്തുണ്ടായിരുന്നു. പൂജ കഴിഞ്ഞ് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അച്ഛനൊപ്പം താഴമൺ കുടുംബത്തിലെ ഇളമുറക്കാരൻ ശ്രീകോവിലിന് മുൻപിലുണ്ടായിരുന്നു.
നേരത്തെ കണ്ഠര് രാജീവര് മകനെ ചുമതലയേൽപിച്ച് താന്ത്രിക സ്ഥാനം ഒഴിയുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് കണ്ഠര് രാജീവര് ഇത് ശരിയല്ലെന്നും താന്ത്രിക വിദ്യകൾ ഒഴിയാൻ ഒരിക്കലും സാദ്ധ്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. പൂജകളിൽ സഹായിക്കാനാണ് മകനെ കൂടെക്കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊടുവിലാണ് അച്ഛനൊപ്പം മകനും മലകയറി അയ്യപ്പസന്നിധിയിൽ ഭഗവാനെ സേവിക്കാനെത്തിയത്.
കാർമ്മികത്വ കാര്യങ്ങളിൽ അച്ഛൻ തന്നെയാണ് ഇപ്പോഴും അവസാനവാക്കെന്ന് കണ്ഠര് ബ്രഹ്‌മദത്തൻ സന്നിധാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹത്തിന്റെ മേൽനോട്ടം എല്ലാ കാര്യങ്ങളിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷവും ജൂൺ, ജൂലൈ സമയത്തും നിറപുത്തരി ചടങ്ങുകളിലും അച്ഛനൊപ്പം ശബരിമലയിൽ ഉണ്ടായിരുന്നു. പൂജകൾക്ക് ഒപ്പം നിൽക്കുന്നത് ആദ്യമായിട്ടല്ല. 2013 ൽ ധ്വജ പ്രതിഷ്ഠാ സമയത്തും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചുകൂടി സജീവമായി മുഴുവൻ സമയവും പൂജാ കാര്യങ്ങളിൽ സഹായിക്കുന്നുവെന്നേ ഉളളൂവെന്നും ബ്രഹ്‌മദത്തൻ പറഞ്ഞു.
അച്ഛൻ ഉള്ളപ്പോൾ ഒരു പടി പുറകിൽ നിൽക്കാനാണ് എപ്പോഴും ആഗ്രഹം. ഭഗവാനെ സേവിക്കാനുള്ള അവസരം ലഭിക്കുന്നതിൽ സന്തോഷവാനാണ്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. സ്‌കോട്ട്‌ലൻഡിലാണ് പഠനം പൂർത്തിയാക്കിയതെന്നും കണ്ഠര് ബ്രഹ്‌മദത്തൻ കൂട്ടിച്ചേർത്തു.















