സെക്കന്തരാബാദ്: കേരളത്തിൽ നിന്നുള്ള വൈദ്യരത്‌നം ഔഷധശാലയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ ആയൂർവേദ സിമ്പോസിയം സംഘടിപ്പിച്ചു. തെലങ്കാനയിൽ നിന്നുള്ള എംപി എറ്റാല രാജേന്ദർ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ചും ആയുർവേദ രംഗത്ത് വൈദ്യരത്‌നം നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രകീർത്തിച്ചു.
ഹൈദരാബാദ് ഗവണ്മെന്റ് ആയുർവേദ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും, സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി അംഗവുമായ പ്രൊഫ. ഡോ. എസ് ശാരംഗപാണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈദ്യരത്‌നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. ഇ.ടി, കൃഷ്ണൻ മൂസ്സ്, ചീഫ് മാനേജർ സുദേവ്, പ്രൊഡക്ട് മാനേജർ ഡോ. ശ്രീജിത്ത് രവീന്ദ്രൻ എന്നിവരും സിമ്പോസിയത്തിൽ പങ്കെടുത്തു.
സിമ്പോസിയത്തിലെ ശാസ്ത്ര വിഭാഗത്തിൽ നിരവധി പ്രഗ്ദ്ഭർ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ എംഡി (ആയുർവേദ), ക്ലാസ്സിക്കൽ മെഡിസിനുകളിലെ ക്ലിനിക്കൽ അനുഭവങ്ങൾ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബി ആർ കെ ആർ ഗവണ്മെന്റ് ആയുർവേദകോളേജ് പഞ്ചകർമ്മ വിഭാഗത്തിലെ പ്രൊഫസർ ആയ ഡോ. പ്രവീൺ കുമാർ മാഡികൊണ്ട എംഡി (ആയുർവേദ), പഞ്ചകർമ്മയുടെ പ്രായോഗിക വശങ്ങൾ: ക്ലിനിക്കൽ, ഗവേഷണ കാഴ്ചപ്പാടിലൂടെ എന്ന പ്രബന്ധം അവതരിപ്പിച്ചു.
തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ സീനിയ ഫിസിഷ്യൻ ഡോ. രാധിക സതീശൻ എം എസ് (ആയുർവേദ), ഗൈനക്കോളജിക്കൽ വൈകല്യങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഉത്തര വസ്തി പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ള പ്രബന്ധം അവതരിപ്പിച്ചു.
500 ൽ അധികം വരുന്ന ക്ലാസ്സിക്കൽ മരുന്നുകളും 125 ഓളം പ്രൊപ്രൈറ്ററി മരുന്നുകളും ഉൽപ്പാദിപ്പിക്കുന്ന വൈദ്യരത്‌നം ഔഷധശാല ആയുർവേദ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാപനമാണ്. ഇന്ത്യയിൽ 600 ഓളം ആയുർവേദ വില്പന കേന്ദ്രങ്ങൾ വൈദ്യരത്‌നത്തിനുണ്ട്. കേരളത്തിൽ നിന്നുള്ള അഷ്ടവൈദ്യന്മാരിൽ ഒരാളായ എളേടത്ത് തൈക്കാട്ട് മൂസ്സ് കുടുംബത്തിന്റെ കീഴിലുള്ളതാണ് ഈ സ്ഥാപനം. ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന എട്ട് ആയുർവേദ ശാഖകളിൽ പ്രാവീണ്യം നേടിയവരാണ് അഷ്ടവൈദ്യന്മാർ.















