ചെന്നൈ: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകരുൾപ്പെടെ നാല് പേർ അറസ്റ്റിൽ. കോയമ്പത്തൂർ വാൽപ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് സംഭവം. കൊമേഴ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ എസ് സതീഷ് കുമാർ, മുരളിരാജ്, ലാബ് ടെക്നീഷ്യൻ, ജീവനക്കാരൻ രാജപാണ്ടി എന്നിവരാണ് പിടിയിലായത്.
ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറായ അംബികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതികൾ ക്ലാസ് മുറിയിലും ലാബിലും വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും അപമര്യാദയായി സംസാരിച്ചുവെന്നുമാണ് കേസ്. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനികൾ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു.
പ്രതികൾ വിദ്യാർത്ഥിനികൾക്ക് വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. സാമൂഹ്യക്ഷേമ ഓഫീസർ നൽകിയ പരാതിയിലാണ് അദ്ധ്യാപകർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കോളജിയേറ്റ് എഡ്യൂക്കേഷൻ റീജനൽ ഡയറക്ടർ വി കലൈസെൽവി കോളേജിൽ നേരിട്ടെത്തി അന്വേഷണം നടത്തുകയും വിദ്യാർത്ഥിനികളുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.