മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായതായി മുൻ സിഐജി ഓഫീസറും നടിയുമായ ഗീത പൊതുവാൾ. ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച വെള്ളിവെളിച്ചത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മോശം അനുഭവം നേരിട്ടെന്നും ചിത്രത്തിന്റെ നിർമാതാവ് രമേശ് നമ്പ്യാർ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി.
“രമേശ് നമ്പ്യാർ മദ്യപിച്ച് മുറിയിൽ കയറി. ഞാൻ മുറിയുടെ വാതിലിൽ തന്നെ നിന്നു. അയാൾ ബെഡിൽ ഇരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയി. ആര് രാത്രിയിൽ വന്ന് വാതിലിൽ മുട്ടിയാലും തുറക്കരുതെന്ന് സംവിധായകൻ മധു കൈതപ്രം എന്നോട് പറഞ്ഞിരുന്നു. ഇത്തരം അനുഭവങ്ങൾ കാരണമാണ് ഞാൻ സിനിമ അഭിനയം ഉപേക്ഷിച്ചത്”.
തനിക്ക് മാത്രമല്ല, മറ്റൊരു കുട്ടിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അതും രമേശ് നമ്പ്യാരുടെ ഭാഗത്ത് നിന്നാണ്. അന്ന് ഭയന്ന് വിറച്ചാണ് ആ കുട്ടി എന്നോട് ഈ കാര്യം പറഞ്ഞത്. സഹകരിക്കാത്തതിനാൽ ആ സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുകയും ചെയ്തുവെന്നും ഗീത പൊതുവാൾ പറഞ്ഞു.















