തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ശമ്പള വർദ്ധനയും ബോണസ് വർദ്ധനയും അംഗീകരിച്ചതോടെയാണ് തീരുമാനം. ബോണസ് ആയിരം രൂപ വർദ്ധിപ്പിച്ചു. ലോഡിംഗ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനവും കൂട്ടിയിട്ടുണ്ട്. പണിമുടക്ക് കാരണം നിരവധി യാത്രക്കാർ ദുരിതത്തിലായിരുന്നു. ലഗേജ് ലഭിക്കാതെ കുട്ടികളും ഗർഭിണികളുമടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു.
എയർ ഇന്ത്യ സാറ്റ്സ് ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് സമരം നടത്തിയത്. ശനിയാഴ്ച രാത്രി പത്ത് മണി മുതലായിരുന്നു സമരം തുടങ്ങിയത്. മണിക്കൂറുകളോളം നീണ്ട പണിമുടക്ക് വിമാന സർവീസുകളെയും ബാഗേജ് ക്ലിയറൻസിനെയും ബാധിച്ചിരുന്നു. ഒടുവിൽ അദാനി മാനേജ്മെന്റ് തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനമായത്.
പണിമുടക്ക് കാരണം വിമാനത്തിൽ കയറ്റി അയക്കേണ്ടിരുന്ന 20 ടൺ ഭക്ഷ്യ വസ്തുക്കൾ കെട്ടിക്കിടന്നിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള കാർഗോ നീക്കമാണ് മുടങ്ങിയത്.