ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കാെരട്ടല ശിവയും ഒന്നിക്കുന്ന ദേവരയുടെ ഹൈവോൾട്ടേജ് ട്രെയിലർ പുറത്തുവിട്ടു. മാസ് മസാല ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായികയാവുന്നത്.
അച്ഛനും മകനുമായി എത്തുന്ന ജൂനിയർ എൻടിആറിന്റെ വൺമാൻ ഷോയാണ് ട്രെയിലറിലുടനീളവും. തീപ്പൊരി ആക്ഷനുകളാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്. 2.40 ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ആർ.ആർ.ആറിന് ശേഷം ജൂനിയർ എൻടിആറിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ദേവര.
എൻടിആർ ആർട്സും യുവസുധ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, നരേൻ എന്നിവരും ഭാഗമാകുന്നു. ആദ്യ ഭാഗം സെപ്റ്റംബർ 27ന് തിയേറ്ററിലെത്തും.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.