തിരുവനന്തപുരം: തലശേരി കലാപകാലത്ത് കമ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ പ്രതിരോധിക്കാനായിരുന്നു സഖാക്കളുടെ കാവൽ. തലശേരി കലാപത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടു. എന്നാൽ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കായിരുന്നു. സഖാവ് വി.കെ.കുഞ്ഞിരാമന്റെ ജീവൻ നഷ്ടമായി. അവരെ തടയാൻ നിന്നതിന്റെ ഭാഗമായാണ് അത് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എന്തോ വല്യ കാര്യം നടന്നെന്ന് വരുത്താനാണ് മാദ്ധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് ശാഖയ്‌ക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ്. എടക്കാട്, തോട്ടട മേഖലകളിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നു എന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞതെന്നും പിണറായി ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായിരുന്നു പരാമർശം.