“എപ്പോഴും എന്റെ ഒപ്പമുണ്ടാകും. ഒരിടത്തും പോകില്ല” വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയ ജെൻസണെപറ്റി ശ്രുതി പറഞ്ഞ വാക്കുകൾ മലയാളിയുടെ കാതുകളിൽ ഇന്നലെയെന്നോണം മുഴങ്ങി കേൾക്കാം. ഉറ്റവരെ നഷ്ടപ്പെട്ട വിധിയിൽ പകച്ചുനിൽക്കുമ്പോഴും അവൾക്ക് ജീവിക്കാൻ പ്രതീക്ഷ നൽകിയത് പ്രതിശുത വരനായ ജെൻസണായിരുന്നു. എന്നാൽ വിധി അവർക്കായി കാത്തുവച്ചിരുന്നത് മറ്റൊന്നായിരുന്നു. കൽപ്പറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസനുവേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർത്ഥനയോടെ കാത്തിരുന്നു. എന്നാൽ പ്രാർത്ഥനകൾ വിഫലമായി. ശ്രുതിയെ ഒറ്റയ്‌ക്കാക്കി ജെൻസൺ മടങ്ങി.
മേപ്പടിയിലെ സ്വകാര്യ ആശുപത്രിമുറിയിൽ ഇതൊന്നുമറിയാതെ പരിക്കുകളോടെ ശ്രുതി ചികിത്സയിലാണ്. മരണം രംഗബോധമില്ലാത്ത കോമാളിയായി അവളുടെ ജീവിതത്തിൽ വീണ്ടുമെത്തിയത് ശ്രുതി അറിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിൽനിന്നും വാടകവീട്ടിലേക്ക് മാറിയ ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പത്തുവർഷത്തെ പ്രണയം പൂർണതയിലെത്തിക്കാനാകാതെ ജെൻസൺ മടങ്ങി.
“അവൾക്കൊപ്പം അച്ഛനായും അമ്മയായും, എന്തൊക്കെ വന്നാലും ഞാനുണ്ടാകും. ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അവൾ അനാഥയാകുമല്ലോ എന്ന സങ്കടം മാത്രമേയുള്ളു” ദുരന്തഭൂമിയിൽ ശ്രുതിയെ ചേർത്ത്പിടിച്ച് ജെൻസൺ പറഞ്ഞ വാക്കുകൾ അറംപറ്റിയോ എന്ന് ഒരു നിമിഷത്തേക്ക് ചിന്തിച്ചുപോകും. ശ്രുതി തീർത്തും ഒറ്റയ്‌ക്കായിരിക്കുന്നു . ഇനി അവളെ ചേർത്ത് നിർത്താനോ സമാധാനിപ്പിക്കാനോ ആർക്കു കഴിയുമെന്ന ചോദ്യമാണ് ബാക്കി.