മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ നടക്കുന്ന ബ്രിക്‌സ്, ബ്രിക്സ് പ്ലസ് ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അജിത്ത് ഡോവൽ സെൻ്റ് പീറ്റേഴ്‌സ്ബർഗിലെത്തിയത്.
യുക്രെയ്ൻ യുദ്ധവും സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച. ഉക്രെയ്‌നുമായി ബന്ധപ്പെട്ട സമാധാന ചർച്ചകളിൽ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ബ്രസീലിനും മധ്യസ്ഥരായി പ്രവർത്തിക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു.
ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ഫോണിൽ സംസാരിച്ചപ്പോൾ അജിത് ഡോവലിന്റെ സന്ദർശനത്തെക്കുറിച്ചും യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ചർച്ചകൾ നടത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ധാരണയിലെത്തിയതായാണ് വിവരം.ഇതിന് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഈ കൂടിക്കാഴ്ചയിലും ചർച്ചയായിരുന്നു.
അതേസമയം യുക്രെയ്‌നിലെ റഷ്യൻ സേനയ്‌ക്കുവേണ്ടി ജോലിചെയ്യുന്ന ഇന്ത്യക്കാരിൽ 6 പേരെ റഷ്യ മോചിപ്പിച്ചതായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിനുശേഷം 35 പൗരന്മാർ തിരികെ ഇന്ത്യയിലെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.