ഹനോയ്: വിയറ്റ്നാമിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന മരിച്ചവരുടെ എണ്ണം 226 ആയി. ഹനോയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയത്. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഹനോയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഹനോയ് പ്രദേശത്ത് വീശിയടിച്ച യാഗി ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. ഹനോയിയിലെ നിരവധി ജില്ലകൾ വെള്ളത്തിനടിയിലായി. ചിലയിടങ്ങളിലും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹനോയിൽ ചുഴലിക്കാറ്റ് അനുഭവപ്പെടാൻ തുടങ്ങിയത്. മണിക്കൂറുകൾക്കകം ഇത് ശക്തിപ്രാപിക്കുകയായിരുന്നു. ലാവോ കായ് പ്രവിശ്യയിൽ കാണാതായ 55 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗ്രാമ പ്രദേശങ്ങളെയാണ് വെള്ളപൊക്കം ബാധിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദുരിതമേഖലയിൽ 300-ലധികം സൈനികരെയും 359-ലധികം അഗ്നിസുരക്ഷ സേനാംഗങ്ങളെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. ഹനോയിലെ വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വിയറ്റ്‌നാമിന് സഹായം വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ, ജപ്പാൻ, കൊറിയ, യുഎസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ തീരത്താണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 800 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി മിന്നൽപ്രളയവും മണ്ണിടിച്ചിലും വ്യാപകമായി ഉണ്ടായി. ആയിരങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.