എറണാകുളം: കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂർ കാഞ്ഞിരോട് കോളേജിലെയും വിദ്യാർത്ഥികളുടെ വാഹനാഭ്യാസ പ്രകടനത്തിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങളെല്ലാം കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകി. കസ്റ്റഡിയിലെടുത്ത ശേഷം പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എഞ്ചിൻ രൂപമാറ്റം കണ്ടാൽ വാഹന ഉടമയ്‌ക്കും ഡ്രൈവർക്കുമെതിരെ നടപടിയെടുക്കണം. വാഹനങ്ങളുടെ മുകളിലടക്കമിരിക്കുന്നവരെ കണ്ടെത്തണം. അനധികൃതമായി ഓരോ ലൈറ്റ് സെറ്റിംഗിനും അയ്യായിരം രൂപ പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഈ മാസം 27ന് ഗതാഗത കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം. കലാലയങ്ങളിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടക്കുന്നില്ലെന്ന് ഡിജിപിയും ഗതാഗത കമ്മീഷനും ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 27ന് വിഷയം വീണ്ടും പരിഗണിക്കും.
അതേസമയം ഫാറൂഖ് കോളേജിലെ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും 8 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.
അത്യാഡംബര കാറുകളിലാണ് വിദ്യാർത്ഥികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി കോളേജുകളിൽ എത്തിയത്. പെൺകുട്ടികളടക്കമുള്ളവർ കാറിന് പുറത്തിരുന്ന് അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.