ദൂരയാത്രയ്‌ക്കായി പലരും തിരഞ്ഞെടുക്കുന്നത് ആകാശമാർഗമാണ്. അന്താരാഷ്‌ട്ര യാത്രകൾക്കായി കടൽമാർഗത്തേക്കാൾ ആകാശയാത്ര പതിവാക്കുന്നതാണ് ഭൂരിഭാഗം പേരുടെയും ശീലം. പെട്ടെന്നൊരു അടിയന്തര സാഹചര്യം വന്നാൽ, ദീർഘദൂരത്തേക്ക് അതിവേഗം എത്തണമെങ്കിൽ, വിമാനയാത്രയാണ് ഏറ്റവും സൗകര്യപ്രദം. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കോ നഗരത്തിലേക്കോ രാജ്യത്തേക്കോ പോകണമെങ്കിൽ ലഭ്യമായ വിമാന സർവീസുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ നമ്മുടെ നാട്ടിൽ സൗകര്യമുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇത് പ്രാവർത്തികമാകില്ല. കാരണം അവിടെ എയർപോർട്ട് സൗകര്യമില്ലെന്നത് തന്നെ കാരണം. അത്തരത്തിൽ എയർപോർട്ട് ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം..
വത്തിക്കാൻ സിറ്റി (Vatican City)
ഇറ്റലിയിലെ റോമിൽ സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ഇവിടെ എയർപോർട്ടില്ല, പകരം ഹെലിപോർട്ട് സംവിധാനമുണ്ട്. ചെറിയ എയർക്രാഫ്റ്റുകൾക്ക് വന്നിറങ്ങാം. റോമിലെ Ciampino ആണ് അടുത്തുള്ള എയർപോർട്ട്. ഇത് വത്തിക്കാൻ സിറ്റിയിൽ നിന്നും 34 കിലോമീറ്റർ അകലെയാണ്.
മൊനാകോ (Monaco)
പടിഞ്ഞാറൻ യൂറോപ്പിലെ ഫ്രഞ്ച് കടൽതീരത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞൻ രാജ്യമാണിത്. വെറും 2.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണമേ ഈ രാജ്യത്തിനുള്ളൂവെങ്കിലും ജനസാന്ദ്രത വളരെ കൂടുതലാണ്. രാജ്യത്ത് എയർപോർട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്കിലും Fontvieille ജില്ലയിൽ ഹെലിപോർട്ട് സൗകര്യമുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഫ്രാൻസിലെ നൈസിലുള്ള എയർപോർട്ടാണ്. ഇവിടേക്ക് 30 കിലോമീറ്റർ സഞ്ചരിക്കണം.
സാൻ മറീനോ (San Marino)
ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണിത്. വെറും 61.2 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. പൂർണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട രാജ്യമാണിത്. ഇവിടെ എയർപോർട്ടില്ല. എങ്കിലും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ഇറ്റലിയിലെ Federico Fellini അന്ത്രാഷ്‌ട്ര വിമാനത്താവളത്തിലെത്താം.
ലിക്റ്റൻസ്റ്റൈൻ (Liechtenstein)
ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം. വിസ്തീർണം 160 ചതുരശ്ര കിലോമീറ്റർ. ഇവിടെ കാർ, ബോട്ട്, ട്രെയിൻ ഗതാഗതമാണ് ഏറ്റവും കൂടുതലുള്ളത്. ഏറ്റവും അടുത്തുള്ള എയർപോർട്ട് സ്വിറ്റ്സർലാൻഡിൽ സ്ഥിതിചെയ്യുന്ന St. Gallen-Altenrhein ആണ്.
അൻഡോറ (Andorra)
സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്. 467.63 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. 20 കിലോമീറ്റർ അകലെ സ്പെയിനിൽ സ്ഥിതിചെയ്യുന്ന La Seu d’Urgell ആണ് അടുത്തുള്ള എയർപോർട്ട്.