ന്യൂഡൽഹി: സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ വനിതാ ഡോക്ടർമാരെ രാത്രി ഷിഫ്റ്റിൽ നിയമിക്കരുതെന്ന് ഉത്തരവിറക്കിയ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പീഡനം തടയാൻ സുരക്ഷയാണ് അവർക്കാവശ്യമെന്നും ഇളവുകളല്ലെന്നും കോടതി പറഞ്ഞു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വിജ്ഞാപനം പുറത്തിറിക്കിയത്.
കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. സർക്കാർ വനിതാ ഡോക്ടർമാരുടെ ജോലി സമയം നിയന്ത്രിക്കുന്നതിനുള്ള കാരണമെന്തെന്ന് ചോദിച്ച കോടതി അവർക്ക് സുരക്ഷയാണ് ആവശ്യം ഇളവുകളല്ലെന്നും പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായത്.
“സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എന്തിനാണ് വനിതാ ഡോക്ടർമാരെ നിയന്ത്രിക്കുന്നത്? അവർക്ക് ഒരു ഇളവ് ആവശ്യമില്ല. സ്ത്രീകൾ നൈറ്റ് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയാറാണ്,” അദ്ദേഹം പറഞ്ഞു,
പ്രശ്‌നം പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് കപിൽ സിബലിനോട് ആവശ്യപ്പെട്ടു. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് പ്രശ്നത്തിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ കോടതി പശ്ചിമ ബംഗാൾ സർക്കാരിന് നിർദേശം നൽകി. സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്; സ്ത്രീകളെ രാത്രിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിയന്ത്രിക്കാനാവില്ല. പൈലറ്റുമാരും സൈനിക ഉദ്യോഗസ്ഥരുമായ വനിതകൾ രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.