ആവശ്യത്തിന് ജോലി ചെയ്ത്, ആവശ്യത്തിന് ഉറങ്ങിയാൽ മാത്രമേ ശരീരത്തിനും മനസിനും ശരിയായി പ്രവർത്തിക്കാൻ സാധിക്കൂ. ദീർഘനേരം ഒരേ ജോലി തുടരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ ജോലി ചെയ്ത 24-കാരിയായ ചൈനീസ് യുവതിക്ക് ഒരു വർഷത്തിനിടെ 20 കിലോ ഭാരമാണ് വർദ്ധിച്ചത്. ഒയാങ് വെൻജിംഗ് എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ജോലി ശാരീരിക, മാനസിക ആരോഗ്യത്തിന് ദോഷം ചെയ്തുവെന്ന് അവർ തുറന്നു പറയുകയും ചെയ്തു.
അമിതമായി ജോലി ചെയ്യുന്നവരിൽ സാധാരണയായി അമിത വണ്ണവും കണ്ടുവരുന്നു. ജോലിയിലെ സമ്മർദ്ദം, നീണ്ട ജോലി സമയം എന്നിവ ക്രമേണ ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്നു. പലപ്പോഴും സമയത്തിന് ആഹാരം കഴിക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞെന്ന് വരില്ല. അനാരോഗ്യകരമായ ഭക്ഷണവും ക്രമരഹിതമായി കഴിക്കുന്നതും പൊണ്ണത്തടിയിലേക്ക് നയിക്കുന്നതിനുള്ള കാരണങ്ങളാണ്. ഇത്തരത്തിൽ വർദ്ധിക്കുന്ന ശരീരഭാരം നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി കുറയ്‌ക്കാം..
- ജങ്ക്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. പകരം പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- വ്യായാമം പതിവാക്കുക. ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. ആഴ്ചയിൽ നാല് ദിവസമെങ്കിലും 45 മിനിറ്റ് നേരം വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
- സമ്മർദ്ദം കുറയ്‌ക്കാൻ ശ്രദ്ധിക്കുക. കടുത്ത സമ്മർദ്ദമുള്ളവർക്കാണ് ശരീരഭാരവും കൂടുന്നത്. പിസിഒഎസ് പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ഏറെ നേരം വിശ്രമിക്കാൻ ശ്രദ്ധിക്കുക.
- ഒരേ സമയത്ത് കിടന്ന്, ഒരേ സമയത്ത് എഴുന്നേൽക്കാൻ ശ്രമിക്കുക. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഹോർമോണുകളെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
- കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ ആരോഗ്യ പരിശോധനകൾ നടത്തുക.