2.75 കോടി രൂപ ശമ്പളമുള്ള ജോലി, കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ സംഗതി സത്യമാണ്. ബിഹാർ സ്വദേശിയായ അഭിഷേക് കുമാറിനാണ് വമ്പൻ ജോലി ലഭിച്ചത്. അതും ഏതൊരു ഉദ്യോഗാർത്ഥിയുടെയും സ്വപ്നമായ ഗൂഗിളിൽ. എൻഐടി പട്നയിൽ നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ അഭിഷേക് ഒക്ടോബറിൽ പുതിയ ജോലിയിൽ പ്രവേശിക്കും.
ജാമുയി ജില്ലയിലെ ജമുഖരിയ ഗ്രാമത്തിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നത്. അച്ഛൻ ഇന്ദ്രദേവ് യാദവ് ജാമുയി സിവിൽ കോടതിയിലെ അഭിഭാഷകനും അമ്മ മഞ്ജു ദേവി വീട്ടമ്മയുമാണ്. രണ്ട് സഹോദരൻമാരിൽ ഇളയവനാണ് അഭിഷേക്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും അമ്മയ്‌ക്കെന്നും മുൻഗണന അഭിഷേകിന്റെ വിദ്യാഭ്യാസത്തിനായിരുന്നു.
ജാമുയിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിഷേക് എൻഐടി പട്നയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2022-ൽ, 1.08 കോടി രൂപയുടെ പാക്കേജിൽ ആമസോണിലായിരുന്നു ആദ്യ പ്ലേസ്മെന്റ്. 2023 മാർച്ചിൽ ആമസോൺ വീട്ട് ജർമ്മൻ നിക്ഷേപ സ്ഥാപനത്തിൽ ചേർന്നു.
” മൺകട്ട കൊണ്ട് നിർമിച്ച വീടുകളുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. കുട്ടിക്കാലം മുതൽ അമ്മയുടെ അസുഖം കണ്ടാണ് ഞാൻ വളർന്നത്. അച്ഛന് വരുമാനം തീരെ കുറവായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് നല്ല ജോലി വാങ്ങി അമ്മയ്‌ക്ക് മികച്ച ചികിത്സ നൽകുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് ഞാൻ കഠിനാദ്ധ്വാനം ചെയ്തത്”, അഭിഷേക് പറഞ്ഞു.
പ്രതിസന്ധികളെ അവസരമാക്കി ജീവിതവിജയം നേടിയ അഭിഷേക് പുതിയ തലമുറയ്‌ക്ക് മാതൃകയാണ്. മുമ്പ് ചെയ്ത ജോലികളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് അച്ഛനും അമ്മയ്‌ക്കും പുതിയ വീട് നിർമിക്കുന്ന തിരിക്കിലാണ് ഈ ചെറുപ്പക്കാരൻ.