തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപനയിൽ ഇത്തവണയും റെക്കോർഡ് വരുമാനം നേടി കേരളം. ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 818.21 കോടിയുടെ മദ്യമാണ്. 809.25 കോടി രൂപയുടെ മദ്യവില്പനയെന്ന കഴിഞ്ഞ ഓണക്കാലത്തെ റെക്കോർഡാണ് മറികടന്നിരിക്കുന്നത്. നാലാം ഓണത്തിന്റെ വില്പനയുടെ കണക്കുകൾ കൂടി പുറത്ത് വന്നതോടെയാണ് റെക്കോർഡ് വരുമാനം നേടാനായത്.
മുൻപ് ഉത്രാടം വരെയുള്ള വില്പനയിൽ വരുമാനംകഴിഞ്ഞ തവണത്തേക്കാൾ 14 കോടി രൂപ കുറഞ്ഞുവെന്നായിരുന്നു കണക്ക്കൂട്ടൽ. എന്നാൽ ഉത്രാട ദിനം മുതലാണ് വില്പനയിൽ വർദ്ധനവുണ്ടായിത്തുടങ്ങിയത്. അന്ന് മാത്രം കഴിഞ്ഞ തവണത്തേക്കാൾ 4 കോടിയുടെ അധിക വില്പന നടന്നു. ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 124 കോടിയുടെ മദ്യം വിറ്റഴിച്ചു.
നാലാം ഓണത്തിന്റെ മദ്യവില്പനയുടെ കണക്കുകൾ പുറത്തുവന്നതോടെയാണ് വരുമാനം റെക്കോർഡ് നേട്ടത്തിലെത്തിയത്. കഴിഞ്ഞവർഷം ബെവ്‌കോ വഴിയുള്ള മദ്യ വില്പനയുടെ വരുമാനം 759 കോടിയായിരുന്നു.