പുലിക്കളിയില്ലാത്തൊരു ഓണാഘോഷം തൃശൂരുകാർക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. നാലാമോണത്തിന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങി കുമ്പ കുലുക്കുന്നതോടെയാണ് തൃശിവപേരൂരിൽ ഓണത്തിന് കലാശക്കൊട്ട് തുടങ്ങുന്നത്. ഇത്തവണയും മാറ്റമില്ലാതെ നഗരത്തിൽ പുലികൂട്ടം എത്തി. വർണാഭമായ ഛായങ്ങളണിഞ്ഞ് അരമണി കിലുക്കി മടകളിൽ നിന്ന് പുലിക്കൂട്ടമെത്തുന്ന കാഴ്ചകാണാൻ ആയിരങ്ങളാണ് നഗരത്തിൽ തടച്ചുകൂടിയത്. കാലുകുത്താൻ സ്ഥലമില്ലാത്തവിധം സ്വരാജ് റൗണ്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. കാണികളെ ത്രസിപ്പിച്ചും വിറപ്പിച്ചും പുലിക്കൂട്ടം നിരത്തുകൾ കയ്യടക്കിയപ്പോൾ തൃശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലായി.
അരമണിയും ചിലമ്പുമണിഞ്ഞ് കുടവയറുമായി എത്തിയ കരിമ്പുലിയും പുള്ളിപ്പുലിയും വരയൻപുലിയും 3D പുലിയും ജനഹൃദയങ്ങൾ കീഴടക്കി. മഞ്ഞ, പച്ച, പിങ്ക്, സിൽവർ, ചുവപ്പ്, നീല, വെള്ള തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പുലികൾ കപ്പടിക്കാൻ മത്സരിച്ച് കുടവയർ കുലുക്കി. മുൻവർഷങ്ങളിലേതിന് സമാനമായി പെൺപുലിയും അണിചേർന്നു. ചെണ്ടമേളത്തിന്റെയും നാടൻചുവടുകളുടെയും അകമ്പടിയോടെ കുട്ടിപ്പുലി മുതൽ പ്രായമായ പുലികൾ വരെ വർണാഭമായ കാഴ്ചവിരുന്നൊരുക്കി. ഏഴ് വിവിധ സംഘങ്ങളുടെ 350ഓളം പുലികളാണ് അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചത്.