ലോകനേതാക്കൾക്ക് ഇന്ന് പ്രിയപ്പെട്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളുമായി ദൃഢമായ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലും ലോകസമാധാനം ഉൾപ്പടെയുള്ള ആഗോള വെല്ലുവിളികളെ തരണം ചെയ്യുന്നതിലുള്ള മികവും വാക്കുകൾക്കതീതമാണ്. ലളിതമായ ജീവിതരീതികളും പെരുമാറ്റ മികവും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിലെ സാമർത്ഥ്യവും എക്കാലവും വാഴ്‌ത്തപ്പെടുമെന്ന് തീർച്ച.
വന്ന വഴി മറക്കാത്ത നരേന്ദ്ര മോദി, അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി നടത്തിയ സംഭാഷണ ശകലങ്ങളാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും യുഎസിലെ നിലവിലെ ഇന്ത്യൻ അംബാസഡറുമായ വിനയ് ക്വാത്രയാണ് രസകരമായ കൂടിക്കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ജീവിതവും അനുഭവങ്ങളും പങ്കുവയ്‌ക്കുന്ന ‘മോദി സ്റ്റോറി’ വെബ്സൈറ്റിലാണ് ഇക്കാര്യം പങ്കുവയ്‌ക്കുന്നത്.
ഇരുവരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ സ്മാരകം സന്ദർശിച്ചു. ഇതിനിടയിൽ ഇരുവരും 15 മിനിറ്റോളം കാറിൽ സഞ്ചരിച്ചു. ഇതിനിടയിൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ ഒബാമ നരേന്ദ്ര മോദിയുടെ അമ്മയെ കുറിച്ച് ചോദിച്ചു. മുഖത്തൊരു ചെറുപുഞ്ചിരിയോടെ പ്രധാനമന്ത്രി മറുപടി നൽകി, നിങ്ങളുടെ കാറിന്റെ വലുപ്പത്തോളമുള്ള വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞിരുന്നത്. ഒരു പക്ഷേ നിങ്ങളിത് വിശ്വസിച്ചെന്ന് വരില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒബാമയെ അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു അത്. ആഡംബര കാറാട ലിമോസിനിൽ യാത്ര ചെയ്യവേയായിരുന്നു മോദിയുടെ വാക്കുകൾ.
വളരെ ചെറിയ പശ്ചാത്തലത്തിൽ നിന്നെത്തി ഇന്ന് രാജ്യത്തിന്റെ ഉന്നതങ്ങളിലെത്തിപ്പെട്ട രണ്ട് നേതാക്കളുടെ സാദൃശ്യം ബന്ധത്തിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിൽ നിർണായകമായി.















