കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ വിപണി കീഴടക്കിയ ഫലവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എക്സോട്ടിക് ഫ്രൂട്ട് ആയതുകൊണ്ട് തന്നെ വലിയ വില കൊടുത്തുവേണം ഇവ മാർക്കറ്റിൽ നിന്ന് വീട്ടിലെത്തിക്കാൻ. അതിനാൽ കേരളത്തിൽ പലയിടത്തും വ്യാപകമായി ഇവ കൃഷിയും ചെയ്യപ്പെടുന്നുണ്ട്. പ്രധാനമായും രണ്ടുതരത്തിലുള്ള ഡ്രാഗൺ ഫ്രൂട്ടാണ് മലയാളികൾക്ക് സുപരിചിതം. അകത്ത് വെള്ള കാമ്പുള്ളതും മറ്റൊന്ന് പിങ്ക്/ചുവപ്പ് കാമ്പുള്ളതും. ഇതിലേതാണ് കൂടുതൽ ആരോഗ്യപ്രദം?
മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്രാഗൺ ഫ്രൂട്ടിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, 48-52 വരെ മാത്രമേ ഇവയിലുള്ളൂ. ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയും കാർബോഹൈഡ്രേറ്റും ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വെള്ള-പിങ്ക് ഡ്രാഗൺ ഫ്രൂട്ടുകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ചുവപ്പ് ഡ്രാഗൺ ഫ്രൂട്ടുകൾ വെള്ളയേക്കാൾ മധുരമുള്ളതാണ്, കാരണം അവയിൽ കൂടുതൽ ഷുഗർ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റെഡ് ഡ്രാഗൺ ഫ്രൂട്ടിൽ പഞ്ചസാരയുടെ അളവ് 11.5 ഗ്രാമാണ്, വെള്ള ഡ്രാഗൺ ഫ്രൂട്ടിലാണെങ്കിൽ 7.65 ഗ്രാം മാത്രമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കാനോ പ്രമേഹമുള്ളവരോ കഴിക്കുമ്പോൾ വെളുത്ത ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
പിങ്ക് ഡ്രാഗൺ ഫ്രൂട്ടിൽ ആന്തോസയാനിൻ (anthocyanin), വിറ്റാമിൻ സി, കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് കൂടുതലാണ്. ഇവ മനുഷ്യശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കോശങ്ങളുടെ കേടുപാടുകൾ കുറയ്‌ക്കാനും സഹായിക്കുന്നു. സന്ധിവാതം, പ്രമേഹം, ആർത്രൈറ്റിസ് രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വീക്കം തടയാനും ഡ്രാഗണ് ഫ്രൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും. വെള്ള ഡ്രാഗൺ ഫ്രൂട്ടിലും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ചുവപ്പിനേക്കാൾ കുറവാണ്.















