മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് വനിത വിജയകുമാർ. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ നടിയുടെ വാർത്തകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരം നാലാമതും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
നടനും നൃത്തസംവിധായകനുമായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ 5-ന് തങ്ങൾ വിവാഹിതരാകുന്നുവെന്ന് വനിത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇതിന്റെ സേവ് ദ ഡേറ്റ് ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വിവാഹ വേദി ഉൾപ്പെടെയുള്ള കാര്യങ്ങൾ താരം പുറത്തുവിട്ടിട്ടില്ല.
വനിതയുടെ നാലാം വിവാഹമാണിത്. താരത്തിന്റെ മറ്റ് വിവാഹങ്ങളും, വിവാഹമോചനങ്ങളും നേരത്തെയും സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. നടൻ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭർത്താവ്. 2000-ലായിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തിൽ വനിതയ്‌ക്ക് രണ്ട് മക്കളുണ്ട്.
2005-ൽ വിവാഹമോചിതയായതിനെ തുടർന്ന് 2007-ൽ നടി വ്യവസായിയായ ആനന്ദ് ജയ് രാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ താരത്തിന് ഒരു കുട്ടിയുണ്ട്. 2012-ൽ രണ്ടാമതും വിവാഹമോചിതയായ ശേഷം 2020-ൽ ഫോട്ടോഗ്രാഫറായ പീറ്ററുമായി വിവാഹം നടന്നെങ്കിലും യുവാവ് മദ്യത്തിന് അടിമയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ബന്ധവും വനിത ഉപേക്ഷിക്കുകയായിരുന്നു.
1995 പുറത്തിറങ്ങിയ തമിഴ് ചിത്രമായ ചന്ദ്രലേഖയിലൂടെയാണ് വനിത സിനിമാ ലോകത്തെത്തുന്നത്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.














