ശ്രീനഗർ ; 21 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീരിലെ അർദ്ധനാരീശ്വര ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു . കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ് കുൽഗാം ജില്ലയിലെ നദീമാർഗിലുള്ള ക്ഷേത്രം .
രണ്ട് പതിറ്റാണ്ടുകളായി തകർന്നുകിടന്ന ക്ഷേത്രം അടുത്തിടെയാണ് പുനർനിർമ്മിച്ചത് . 2003ൽ നദീമാർഗിലുണ്ടായ ഭീകരാക്രമണത്തിൽ 24 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിരുന്നു .അതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചു പൂട്ടിയത് . സംഭവം ഗ്രാമത്തിൽ മായാത്ത നോവായി . ശേഷിക്കുന്ന പണ്ഡിറ്റ് കുടുംബങ്ങളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി.
വീണ്ടും ആ ക്ഷേത്രമുറ്റത്ത് എത്തിയപ്പോൾ പലരും കരയുന്നുണ്ടായിരുന്നു. ‘ നദിമാർഗിന്റെ മണ്ണ്, ദീർഘകാലമായി നഷ്ടപ്പെട്ട നിവാസികളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, അവർ വീണ്ടും ഈ ഗ്രാമത്തെ അവരുടെ സ്വന്തമാക്കുമെന്നും , സൗഹൃദത്തെയും, ബന്ധങ്ങളെയും പുനരുജ്ജീവിപ്പിക്കുമെന്നുമാണ് പ്രതീക്ഷ . മാത്രമല്ല അന്ന് ഇല്ലാതായ തങ്ങളുടെ സഹോദരങ്ങളുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നും ” കശ്മീരി പണ്ഡിറ്റായ ഭൂഷൺ ലാൽ ബട്ട് പറഞ്ഞു.
ഭക്തരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിൽ മൂർത്തി സ്ഥപ്നപൂജ നടത്തി . ഡെപ്യൂട്ടി കമ്മീഷണർ അത്താർ ആമിർ ഖാൻ ക്ഷേത്രത്തിൽ പ്രത്യേക സന്ദർശനം നടത്തുകയും ഭക്തരുമായും ക്ഷേത്ര അധികാരികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. പ്രാദേശിക മുസ്ലീം വിശ്വാസികളടക്കം പൂജയിൽ പങ്കെടുക്കാനും , പണ്ഡിറ്റുകളെ സ്വീകരിക്കാനുമായി എത്തിയിരുന്നു.